കാസര്‍ഗോഡ്: ദേശീയപാത 66 നിര്‍മാണം നടക്കുന്ന ചെര്‍ക്കളയിലെ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും പരിഹാരം കാണുന്നതിനായി കാസര്‍ഗോഡ് ആര്‍ഡിഒ ബിനു ജോസഫിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ കരാര്‍ കമ്പനിയുടെ പ്രതിനിധികളും ജനപ്രതിനിധികളും പ്രദേശം സന്ദര്‍ശിച്ചു.
മേഘ കണ്‍സ്ട്രക്ഷന്‍സ് പ്രോജക്ട് ഇന്‍ ചാര്‍ജ് എ. ഭാസ്കര്‍ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. രണ്ടുദിവസത്തിനകം ചെങ്കള പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കി ജില്ലയിലെത്തുന്ന ദേശീയപാത അതോറിറ്റിയുടെ ഇന്‍ഡിപെൻഡന്റ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിക്കും.
ദേശീയപാത അതോറിറ്റിയുടെ ഇന്‍ഡിപെൻഡന്റ് എൻജിനിയര്‍ എത്തിയാലുടന്‍ വീണ്ടും പ്രദേശം സന്ദര്‍ശിക്കും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, ജനപ്രതിനിധികള്‍ റവന്യു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് ആര്‍ഡിഒ കെ.ആര്. മനോജ് ചെറുവത്തൂര്‍ കുളങ്ങാട്ടുമല സന്ദര്‍ശിച്ചു. കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി സമീപത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് തഹസില്ദറിനും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്കി. തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന് എന്നിവര്‍ പങ്കെടുത്തു.